ആയുര്‍വേദ കോളജില്‍ സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍

single-img
21 December 2022

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍.

പരീക്ഷ പാസ്സാകാതെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിദ്യാര്‍ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. പരീക്ഷ പാസ്സാകാത്ത 7 പേര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദത്തിലായത്.

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിലെ ബിരുദദാന ചടങ്ങില്‍, പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ചടങ്ങില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റ് തിരികെ ഏല്‍പ്പിക്കാന്‍ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്. മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സര്‍വകലാശാലയുടെയോ, കോളജിന്റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ചടങ്ങില്‍ വിതരണം ചെയ്തത്. എങ്കിലും, സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ വിസി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ നടപടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കോളജില്‍ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വര്‍ഷ പരീക്ഷ തോറ്റ വിദ്യാര്‍ഥികളും പങ്കെടുത്തത്. പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും ചെയ്തിരുന്നു

ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചതും കുട്ടികളെ പങ്കെടുപ്പിച്ചതെന്നുമാണ് പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ വിശദീകരണം. ചടങ്ങില്‍ വിതരണം ചെയ്തതും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റാണെന്നും തോറ്റ കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് അറിയില്ലായിരുന്നുവെന്നുമാണ് പ്രിന്‍സിപ്പാള്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രിന്‍സിപ്പാളിന്റെ വിശദീകരണമനുസരിച്ച്‌ തുടര്‍ നടപടികളെടുക്കുമെന്നാണ് വിസി അറിയിക്കുന്നത്.