കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെയ്ക്ക് മര്‍ദനം

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെയ്ക്ക് മര്‍ദനം. ജയ്പൂരില്‍ വച്ച് നടന്ന റാലിക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ട് പേര്‍ എത്തി മുഖത്ത് അടിക്കുകയായിരുന്നു. രണ്ട് പേരെയും ജയ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജയ്പൂരിലെ ഷഹീദ് സ്മാരകിലായിരുന്നു സിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ സംഘടിച്ചത്. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് ദിപ്‌കെ എത്തുമ്പോഴായിരുന്നു മര്‍ദനം. ദിപ്‌കെയ്ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അഭിജീത്ത് ദിപ്‌കെയ്ക്ക് മര്‍ദനമേറ്റതിന് പിന്നാലെ മര്‍ദിച്ചെന്ന് കരുതുന്ന രണ്ട് പേരെയും പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ആള്‍ക്കൂട്ടം മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, പ്രതിഷേധക്കാര്‍ അഴിമതിക്കും പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും ആളുകള്‍ സിജെപി ആവശ്യപ്പെട്ടു.


