ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുൻ ക്രിക്കറ്റ് താരം ചേതേശ്വർ പുജാരയുടെ ഭാര്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. രാജ്‌കോട്ട് നഗരത്തിലെ അമിൻ മാർഗിലുള്ള ഹരിഹർ സൊസൈറ്റിയിലെ കുടുംബവീട്ടിലാണ് ബുധനാഴ്ച ജീത് റാസിക് പബാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം ഉറപ്പാക്കാനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പുജാരയുടെ ഭാര്യ പൂജയുടെ സഹോദരനായിരുന്നു പബാരി. രാവിലെ ഒമ്പത് മണിയോടെയാണ് കുടുംബാംഗങ്ങൾ അദ്ദേഹത്തെ മുറിയിൽ പ്രതികരണങ്ങളില്ലാതെ കിടക്കുന്നതായി കണ്ടെത്തിയതെന്ന് രാജ്‌കോട്ട് എസിപി ബീ.ജെ. ചൗധരി പറഞ്ഞു. ഉടൻ തന്നെ ആംബുലൻസിൽ വോക്കാർഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണമാണ് സ്ഥിരീകരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് രാജ്‌കോട്ട് സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പിന്നീട് മൃതദേഹം കുടുംബത്തിന് കൈമാറി. കഴിഞ്ഞ വർഷം മുൻ കാമുകി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ബലാത്സംഗക്കേസെടുത്തിരുന്നു. ഇതിനെത്തുടർന്ന് പബാരി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന സൂചനകളും ലഭിക്കുന്നു.


