താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയ്ക്ക് കസേര തെറിച്ചു

single-img
21 August 2023

മലപ്പുറം : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയ്ക്ക് കസേര തെറിച്ചു. തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ കേരള മാരിടൈം ബോർഡ് സി ഇ ഒ  ടി.പി സലീം കുമാറിനെ തൽസ്ഥാനത്തു നിന്ന് നീക്കി. അപകടമുണ്ടാക്കിയ ബോട്ടിന് ലൈസൻസ് കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിളിച്ചെന്ന് ക്രൈംബ്രാഞ്ചിന് ടി പി സലീം കുമാർ നൽകിയ മൊഴിയും പുറത്തുവന്നു. 

താനൂർ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പൊലീസ്  സംഘത്തിന് മുന്നിലാണ് മാരിടൈം സി ഇ ഒ മൊഴി നൽകിയത്. മുൻകൂർ അനുമതിയില്ലാതെ നിർമിച്ച അത്ലാന്‍റിസ് ബോട്ടിന് അനുമതി കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അൻവർ സാദത്ത് വിളിച്ചെന്നായിരുന്നു ടിപി സലീം കുമാറിന്‍റെ മൊഴി. മാത്രവുമല്ല മത്സ്യബന്ധന ബോട്ടായി രൂപകൽപന ചെയ്ത അത്ലാന്‍റിസ്, ടൂറിസം ആവശ്യത്തിലേക്ക് മാറ്റുകയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും സിഇഒ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. അപകടത്തിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽച്ചാരി രക്ഷപെടാൻ ഭരണ നേതൃത്വം ശ്രമിക്കുന്നെന്ന ആരോപണത്തിനിടെയാണ് മാരിടൈം സിഇഒയുടെ മൊഴി തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന് തിരിച്ചടിയായത്. 

ഇതിന് പിന്നാലെയാണ് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ സലീംകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു ഇദ്ദേഹം നേരത്തെ കേരളത്തിലേക്ക് എത്തിയത്. മാരിടൈം സിഇഒ ആയി പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനെ നിയമിക്കുകയും ചെയ്തു. മാരിടൈം ബോർഡും സർക്കാരുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതടക്കം ഭരണനവീകരണത്തിന്‍റെ ഭാഗമായിട്ടാണ് നിയമനമെന്നാണ് വിമർശനം.

താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് നേരത്തെ പുറത്ത് വന്ന റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റിയായിരുന്നു സർവീസ് നടത്തിയത്. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും നേരത്തെ വ്യക്തമായിരുന്നു. ബോട്ടുടമയ്ക്ക് നിയമലംഘനങ്ങൾക്ക് സർക്കാർ തലത്തിൽ സഹായം ലഭിച്ചിരുന്നു. ബോട്ടിന് രജിസ്ട്രേഷൻ ലഭിക്കാൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടിരുന്നു. ഈ വിവരം പൊലീസിന് മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയെ ആണ് ഇപ്പോൾ മാറ്റിയത്.