പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ്

single-img
15 January 2026

പരാതിക്കാരിക്കെതിരേ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ പൊലീസ് കേസെടുത്തു. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണത്തിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സൈബർ ആക്രമണത്തെ തുടർന്ന് പരാതിക്കാരി മുൻപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടി സ്വീകരിച്ചത്. രാഹുലിനെതിരേ ഉയർന്ന ബലാത്സംഗപരാതികളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫെന്നി നൈനാന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.

പരാതികൾ തുടർച്ചയായി ഉയർന്ന സാഹചര്യത്തിലും രാഹുലിനെ അനുകൂലിച്ച് ഫെന്നി നൈനാൻ മുമ്പും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ, രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. “ഈ പോസ്റ്റിൽ അതിജീവിത ആരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഒരു തിരിച്ചറിയലും വെളിപ്പെടുത്തിയിട്ടില്ല” എന്ന വിശദീകരണത്തോടെയായിരുന്നു പോസ്റ്റ്.

ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്കെതിരായ യാതൊരു കുറ്റവും രാഹുൽ ചെയ്തിട്ടില്ലെന്നും, ധാർമികമായി രാഹുൽ എംഎൽഎ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ താൻ ആരുമല്ലെന്നും ഫെന്നി നൈനാൻ പറഞ്ഞു. ഇവിടെ കോടതി ഉണ്ടെന്നും സത്യം അവിടെ തെളിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അന്ന് രാഹുലിനെ വേട്ടയാടിയവർ മനസാക്ഷിയോടെങ്കിലും മാപ്പ് പറയണമെന്നും ഫെന്നി നൈനാൻ ആവശ്യപ്പെട്ടു.