ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു; ചിലിയും കൊളംബിയയും നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു

single-img
1 November 2023

ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ ബൊളീവിയ നയതന്ത്രപരമായി പ്രതികരിച്ചു. ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടി ന്യായീകരിക്കാനാവില്ലെന്നും ബൊളീവിയ വ്യക്തമാക്കി

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന ആദ്യത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട ബൊളീവിയ, ഉപരോധ മേഖലയിലേക്ക് സഹായം എത്തിക്കുമെന്നും പ്രഖ്യാപിച്ചു. ഇതാദ്യമായല്ല ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്.

ഗാസ ആക്രമണത്തെത്തുടർന്ന് നേരത്തെ അവസാനിപ്പിച്ച നയതന്ത്രബന്ധം 2019ൽ ബൊളീവിയ പുനഃസ്ഥാപിക്കുകയായിരുന്നു. ബൊളീവിയയുടെ നീക്കത്തെ ഹമാസും അറബ് രാജ്യങ്ങളും സ്വാഗതം ചെയ്തു. നയതന്ത്രബന്ധം വിച്ഛേദിച്ച ബൊളീവിയയുടെ നടപടി ഭീകരവാദത്തിന് കീഴടങ്ങാനുള്ള നീക്കമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഗാസ മുനമ്പിൽ ഇസ്രായേലിന്റെ അന്യായമായ അക്രമം കാരണം നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മമാനി പറഞ്ഞു.

ഗാസയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളം, ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉപരോധം പിൻവലിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴ്ചകളായി ഗാസ പൂർണമായും ഇസ്രായേൽ ഉപരോധത്തിലാണ്.

ഇസ്രായേലിനെതിരെ ചിലിയും രംഗത്തെത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ നിന്നുള്ള നയതന്ത്ര പ്രതിനിധിയെ പിൻവലിക്കുമെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിസ് പ്രഖ്യാപിച്ചു. ഗാസയിൽ ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഇസ്രായേലിലെ നയതന്ത്ര പ്രതിനിധിയോട് മടങ്ങാൻ ആവശ്യപ്പെട്ടു. ഗാസയിൽ അടിയന്തര വെടിനിർത്തലിന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും ആഹ്വാനം ചെയ്തു. അഭയാർത്ഥി കേന്ദ്രത്തിന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തോട് ലുല പ്രതികരിച്ചത്, “ദൈവത്തിനെതിരായ ഈ അക്രമം അവസാനിപ്പിക്കൂ” എന്നാണ്.