ബോഡി ബിൽഡറും ട്രെയ്‌നറും; വരൻ ലിബിൻ മാത്യു, വിവാഹം നവംബറിൽ: റിമി ടോമി

single-img
2 November 2026

വിവാഹവാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. പുതിയ വ്ലോഗിലൂടെയാണ് വരന്റെ പേര്, ജോലി, വിവാഹവേദി തുടങ്ങിയ കാര്യങ്ങൾ റിമി വെളിപ്പെടുത്തിയത്. മുംബൈ മലയാളിയും ബോഡി ബിൽഡറും ട്രെയ്‌നറുമായ ലിബിൻ മാത്യുവാണ് വരൻ. നവംബറിൽ മുംബൈയിലെ ഡോംബിവല്ലിയിൽ വിവാഹം നടക്കുമെന്നും ഗായിക അറിയിച്ചു.

ലിബിൻ തന്റെ ഇപ്പോഴത്തെ ഫിറ്റ്‌നസ് കോച്ചാണെന്നും മാർച്ച് 10നാണ് ഇരുവരും ഫോണിൽ ആദ്യമായി സംസാരിച്ചതെന്നും റിമി പറഞ്ഞു. മാർച്ച് 14ന് നേരിൽ കണ്ടു. അതിനുമുമ്പുതന്നെ ഫോൺ സംഭാഷണങ്ങളിലൂടെ പരസ്പരം ഇഷ്ടമായെന്നും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിയെന്നും റിമി വെളിപ്പെടുത്തി.

ഡോംബിവല്ലിയിലെ ഒരു ചെറിയ പള്ളിയോടു ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങ് നടക്കുക. ലളിതമായ ചടങ്ങായിരിക്കുമെന്നും സിനിമാ-സംഗീത മേഖലയിലുള്ളവരെപ്പോലും ക്ഷണിക്കുന്നില്ലെന്നും റിമി വ്യക്തമാക്കി. ജിമ്മിനെ ഏറെ പ്രാധാന്യത്തോടെ കാണുന്ന വ്യക്തിയാണ് ലിബിനെന്നും ഗായിക കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ വ്ലോഗിലൂടെയാണ് റിമി വീണ്ടും വിവാഹിതയാകുന്ന കാര്യം ആദ്യമായി അറിയിച്ചത്.