എസ്എസ്എൽസി പരീക്ഷ തടസ്സപ്പെടുത്തി ബിജെപിയുടെ പ്രതിഷേധം; കാട്ടാക്കടയിൽ നാട്ടുകാർ സംഘടിച്ചതോടെ നേതാക്കൾ വേദിവിട്ടു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, എംഎൽഎ ഓഫീസുകൾക്ക് നേരെ ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിൻ്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിവെച്ചത്.
കാട്ടാക്കട ഗേൾസ് സ്കൂളിൽ എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തൊട്ടടുത്തുതന്നെയായിരുന്നു പ്രതിഷേധ മാർച്ചിൻ്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. മാർച്ച് വിദ്യാർത്ഥികൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികൾക്ക് ചോദ്യപേപ്പറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധത്തിൽ വലിയ ശബ്ദമലിനീകരണമുണ്ടാക്കിക്കൊണ്ട് ബിജെപി നേതാക്കൾ മൈക്കിലൂടെ പ്രസംഗിക്കുകയായിരുന്നു.
കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യം വന്നതോടെ, കുട്ടികൾക്കൊപ്പം വന്ന ചില രക്ഷകർത്താക്കൾ പ്രതിഷേധക്കാരെ റോഡിലിറങ്ങി ചോദ്യം ചെയ്തു. എന്നാൽ ആദ്യം പ്രസംഗം നിർത്താൻ ബിജെപി നേതാക്കൾ കൂട്ടാക്കിയില്ല. എന്നാൽ നാട്ടുകാർ രൂക്ഷമായി പ്രതികരിക്കുമെന്ന് ഉറപ്പായതോടെ ഇവർ പ്രസംഗം അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു. കുട്ടികളുടെ ഭാവി തുലയ്ക്കുന്ന ഇത്തരം നടപടികൾ ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് നാട്ടുകാർ ശക്തമായി ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
സാമാന്യബോധം പോലുമില്ലാതെ മനുഷ്യവിരുദ്ധമായ പ്രവർത്തികളാണ് ബിജെപി നടത്തുന്നതെന്നും, കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പരീക്ഷ തടസ്സപ്പെടുത്തി നടക്കുന്ന ബിജെപി മാർച്ചിന് നേരെ ജനങ്ങൾ സംഘടിച്ചു തുടങ്ങിയതോടെ പല ബിജെപി നേതാക്കളും സ്റ്റേജിൻ്റെ പിന്നിലൂടെ സ്ഥലം കാലിയാക്കുകയായിരുന്നു.
നേരത്തെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെ, എംഎൽഎ നേരിട്ടെത്തി പ്രവർത്തകരെ സ്വീകരിച്ച് നാണംകെടുത്തിയിരുന്നു. ഇത് ബിജെപിയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് പ്രതിഷേധത്തിൻ്റെ ഗൗരവം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പ്രതിഷേധക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാക്കടയിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേതാക്കൾക്ക് വേദിവിട്ട് ഓടേണ്ടി വന്നത്.


