നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി

single-img
17 December 2022

ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി

ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ നേതാക്കളെ പങ്കെടുപ്പിച്ച്‌ കോലങ്ങള്‍ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.

പാക്കിസ്ഥാന്റെ തകര്‍ച്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ബിലാവല്‍ ഭൂട്ടോയുടെ ശ്രമമെന്നും, അവിടുത്തെ നേതാക്കള്‍ മാനസികമായി പാപ്പരാണെന്ന് തെളിഞ്ഞെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്കും രാഹുല്‍ ഗാന്ധിക്കും ഒരേ ഭാഷയെന്ന് ബിജെപി കുറ്റപ്പെടുത്തി. രണ്ട് പേര്‍ക്കും ഇന്ത്യാ വിരുദ്ധ നിലപാടാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കെതിരായ ബിലാവല്‍ ഭൂട്ടോയുടെ നിലപാടില്‍ വിദേശകാര്യമന്ത്രാലയം പാകിസ്ഥാനെ പ്രതിഷേധം അറിയിക്കും.

ഭീകരവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശം. നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. ഇത്തരം പരമാര്‍ശങ്ങള്‍ക്ക് മോദിയുടെ പ്രതിഛായയില്‍ മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.

ബംഗ്ളാദേശില്‍ പാകിസ്ഥാന്‍ നടത്തിയ വംശഹത്യയാണ് 1971ല്‍ ഇതേ ദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാന്‍ കൂടുതല്‍ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തിനറിയാമെന്നും ഇന്ത്യ പ്രതികരിച്ചു.