പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒത്തുകളി ആരോപിച്ച്‌ ബിജെപി

single-img
15 December 2022

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒത്തുകളി ആരോപിച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍.

കേസിലെ ക്രൈം ബ്രഞ്ച് അന്വേഷണം കദന കഥകള്‍ മെനഞ്ഞ് പ്രതികളെ സംരക്ഷിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോര്‍പറേഷന്, പഞ്ചാബ് നാഷണല്‍ ബാങ്ക് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ അറസ്റ്റ് നടന്നു. അതുവരെ അറസ്റ്റുണ്ടായില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ വേണ്ടയാണ് റിജില്‍ തട്ടിപ്പ് നടത്തിയതെന്ന കഥ മെനയുന്നു. ഇത്ര വലിയ തട്ടിപ്പ് ആയിട്ടും കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനും വീഴ്ച ഉണ്ടായിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പുറത്ത് കൊണ്ടുവരണം. പണം തിരികെ കൊടുത്തു, റിജില്‍ പാപ്പരാണ് തുടങ്ങിയ നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തുന്നത്. പക്ഷെ റിജില്‍ ബിനാമിയാണ്. റിജിലിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വികെ സജീവന്‍ ആവശ്യപ്പെട്ടു.