യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം; സിദ്ദിഖ് കാപ്പന് ജാമ്യം


യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം എന്ന് ചൂണ്ടിക്കാട്ടി ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ ജാമ്യം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഇനിവരുന്ന ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയു. യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്.
പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയില്‍ എത്തിയത്. യുപി സർക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത് ചീഫ് ജസറ്റിസ് യു യു ലളിത് അധ്യക്ഷനായി ബെഞ്ച് ഇന്ന് ചോദിച്ചു. ഐഡി കാര്‍ഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സർക്കാരിന്‍റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുടെ വാദം.
എന്നാല്‍ അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്‍റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു.