നിയമസഭാ തെരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പകരം നികേഷ് കുമാർ എത്തുമോ?

single-img
6 January 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ പുതിയ സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിനെയാണ് മണ്ഡലത്തിൽ പരിഗണിക്കാൻ സാധ്യതയുള്ളത്.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജയസാധ്യതയെക്കുറിച്ച് ചില നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, അവയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിലപാടും നിർണായകമായിരിക്കുമെന്നും, അദ്ദേഹം നികേഷ് കുമാറിന് അനുകൂലമാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാറിനെ നേരത്തെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നികേഷ് കുമാർ കെ.എം. ഷാജിയോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷം വീണ്ടും മാധ്യമപ്രവർത്തന രംഗത്തേക്ക് മടങ്ങിയ അദ്ദേഹം, അടുത്തിടെയാണ് മാധ്യമപ്രവർത്തനം വീണ്ടും ഉപേക്ഷിച്ചത്.