ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി; അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

single-img
13 July 2023

അസമിൽ ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ തന്നെ അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.

ഏതെങ്കിലും മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഈ സമിതി. ഇതിനായി മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഹിമന്ത നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പഠനത്തിനായി രൂപീകരിച്ച സമിതി ഇതുവരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

” ഈ വർഷം സെപ്റ്റംബറിൽ , നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വരുന്ന സമ്മേളനത്തിൽ സാങ്കേതിക തടസങ്ങൾ എന്തെങ്കിലും ഉണ്ടായാൽ, ജനുവരി സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും”- ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഏകീകൃത സിവിൽ കോഡ് വന്നാൽ സംസ്ഥാനം പിന്നീട് നടപടിയെടുക്കേണ്ടതായി വരില്ലെന്നും ഈ വിഷയം യുസിസിയിൽ ലയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.