മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസ് ഓടിച്ചു; കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡ്രൈവര്‍ പിടിയിലായി

single-img
25 August 2022

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചതിന് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ്ഡ്രൈ വര്‍ പിടിയില്‍. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്.

ഈ ബസിലെ ഡ്രൈവര്‍ വെഞ്ഞാറമൂടിന് സമീപത്ത് വച്ച് ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീഡിയോ പകർത്തുകയും ചെയ്തു . ഇത് കണ്ടപ്പോൾ ബസ് ഡ്രൈവര്‍ പെട്ടെന്ന് ഫോണ്‍ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ബസ് യാത്രക്കാരും, പ്രദേശവാസികളും ഒരേ സമയം തന്നെ മോട്ടോര്‍ വാഹന വകുപ്പിനെ ഈ വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് കാരേറ്റ് ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി. കുറ്റം ചെയ്ത ഡ്രൈവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുക്കുകയും ഡ്രൈവറുടെ ലൈസന്‍സന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി.കെ കരണ്‍ അറിയിച്ചു.