ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് ലീഗ് എംഎൽഎ; പ്രത്യേകം ഒരു പത്രത്തെ മാത്രം സഹായിക്കാന്‍ കഴിയില്ലെന്ന മറുപടിയുമായി പി രാജീവ്

single-img
24 August 2022

കേരളത്തിൽ ഇപ്പോൾ പ്രിന്റഡ് പത്രസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ലീഗിന്റെ മഞ്ചേരി എം എല്‍ എ യു എ ലത്തീഫ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ ശബ്ദമായ ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് അദ്ദേഹം നിയമസഭയില്‍ സംസാരിക്കവേ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ന്യൂസ് പ്രിന്റിന്റെ ലഭ്യതയില്‍ കടുത്ത ഇടിവുണ്ടാക്കി. കേരളത്തിലേക്ക് ആവശ്യമുള്ള 40 ശതമാനം ന്യൂസ് പ്രിന്റും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതുമൂലം വലിയ വിലയാണ് പത്രക്കടലാസിനുണ്ടായിട്ടുള്ളത്. വിതരണ മേഖലയിലും പ്രതിസന്ധി നേരിടുകയാണ്.

ഇതോടൊപ്പം തന്നെ ഇന്ധന വിലയിലുണ്ടായ വര്‍ധനവും അച്ചടി മേഖലയിലെ അടിസ്ഥാന ഉപകരണങ്ങള്‍ക്കും മഷിക്കും 40 മുതല്‍ 50 വരെ ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണായ അച്ചടി മാധ്യമങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനാൽ വിഷയത്തിൽ കേരളാ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും യു എ ലത്തീഫ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പത്രവ്യവസായം പ്രതിസന്ധിയിലാണെന്ന എം എല്‍ എയുടെ വാദം അംഗീകരിക്കുന്നതായി പറഞ്ഞ മന്ത്രി പി രാജീവ് ഈ മേഖലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് സഭയെ അറിയിച്ചു. അതേസമയം, പ്രത്യേകം ഒരു പത്രത്തെ മാത്രം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പി രാജീവ് അറിയിച്ചു.