ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയാണെന്ന് വീണ്ടും ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ അതിരുവിടുന്നുവോ?

single-img
23 August 2022

ലോക പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ആവർത്തിച്ച ഗവർണർ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്ന് വീണ്ടും ആവർത്തിച്ചു.

ചരിത്ര കോൺഗ്രസിനിടെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും കണ്ണൂര്‍ വിസി കൂട്ടുപ്രതിയാണെന്നും ​ഗവർണർ പറഞ്ഞു.

ഡൽഹിയിലെ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് ഗവർണർ ആരോപണങ്ങൾ ആവർത്തിച്ചത്. കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ആ പരിപാടിയിൽ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയില്‍ കണ്ണൂർ സർവകലാശാല വിസിയും പങ്കാളിയാണ്. വൃത്തികെട്ട മനസ്സാണ് ഇവർക്കുള്ളത്’ – ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല വിസിയെ ക്രിമിനൽ എന്ന് വിളിച്ച് ഗവർണർ ആക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ ചരിത്രക്കാരനെതിരെ ​​​ഗവർണറുടെ പ്രതികരണം.