ബിജെപി, ആം ആദ്മി എന്നീ പാർട്ടികളിൽ നിന്നല്ലാതെയും നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്: ശശി തരൂർ

single-img
21 August 2022

കോൺഗ്രസ് വിട്ടാൽ തനിക്ക് ബിജെപിക്കും ആം ആദ്മിക്കും പുറമെ പോകാൻ മറ്റ് വഴികൾ ഉണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും
കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നിലവിൽ ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ തന്നെ ധാരാളം പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. എന്നാൽ ഈ സമയം കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. തനിക്ക് ഒരിക്കലും ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ശശി തരൂർ പറയുന്നു.

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ഇടഞ്ഞുനിൽക്കുന്ന G23 ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ശശി തരൂരിൻ്റെ പുതിയ നിലപാട് പ്രസക്തമാകും. പാർട്ടി അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ വെളിപ്പെടുത്തി.

പിണറായി വിജയൻ കരുത്തുറ്റ നേതാവാണ്. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ അഭിമുഖത്തിൽ പറഞ്ഞു.