കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ ച‍‍ര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്

single-img
17 August 2022

തിരുവനന്തപുരം : കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ ച‍‍ര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്.

ചര്‍ച്ചയില്‍ ഗതാഗത തൊഴില്‍ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അതിനിടെ ശമ്ബളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ വിളിച്ച യോ​ഗത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ആശയ വിനിമയത്തില്‍ ഉരുത്തിരി‌ഞ്ഞ ആശയങ്ങള്‍ മന്ത്രിമാര്‍ ഇന്ന് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും മുന്നില്‍ വയ്ക്കും. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്ബളം നല്‍കണം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ട് വെക്കുന്നത്.

കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികളും ജൂലൈ മാസത്തെ ശമ്ബളം ലഭിച്ചിട്ടില്ല. ശമ്ബള കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്മെന്‍റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ജൂലൈ മാസത്തെ ശമ്ബളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആര്‍ ടി സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ മാസത്തെ ശമ്ബളം ഈ മാസം 10 നകം നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ഇത്. ഉത്തരവ് നടപ്പിലാക്കാതിരുന്നാല്‍ ,സി എം ഡിക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കെ എസ്‌ ആര്‍ ടി സിക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.