അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകും: അമെരിക്കയിലെ റഷ്യൻ എംബസി

single-img
16 August 2022

ആഗോളതലത്തിലെ ഇടപെടലുകൾ കാരണം അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് അമേരിക്കയിലെ റഷ്യൻ എംബസി മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ഉക്രെയ്‌നിലെ സപ്പോറോഷെ ആണവനിലയം റഷ്യ തങ്ങളുടെ സൈനികർക്ക് കവചമായി ഉപയോഗിക്കുന്നതായി യുഎസ് ആരോപിച്ചതിന് പിന്നാലെയാണ് യുഎസിലെ റഷ്യൻ എംബസിയുടെ മുന്നറിയിപ്പ് വന്നത്.

അമേരിക്ക, മറ്റ് രാജ്യങ്ങളുടെ സുരക്ഷയും താൽപ്പര്യങ്ങളും കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നത് തുടരുകയാണ്. ഇത് ആണവയുദ്ധത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഉക്രേനിൽ അമേരിക്ക റഷ്യയുമായി നേരിട്ടല്ലാതെ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇത് ആണവശക്തികൾ തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലും വഴിവെച്ചേക്കും. എംബസി അതിന്റെ ടെലിഗ്രാം ചാനലിലെ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ രണ്ട് പ്രധാന ആയുധ നിയന്ത്രണ കരാറുകളിൽ നിന്ന് വാഷിംഗ്ടൺ അടുത്തിടെ പിന്മാറിയതായി എംബസി ആരോപിച്ചു. 1987 ൽ ഒപ്പുവെച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സ് ട്രീറ്റിയിൽ നിന്നും, 1992 ലെ ഓപ്പൺ സ്കൈസ് ട്രീയിൽ നിന്നും അമേരിക്ക പിന്മാറി. മാത്രമല്ല ആഗോളതലത്തിൽ അമേരിക്കയുമായി സഖ്യത്തിലാകാത്ത രാജ്യങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം സ്വന്തം ആണവ നയം സൂക്ഷ്മമായി പരിശോധിക്കണമെന്ന് എംബസി യുഎസിനോട് അഭ്യർത്ഥിച്ചു.