ഗ്രാമീണ മേഖലകളിലും സമഗ്ര പശ്ചാത്തല വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

single-img
16 August 2022

സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലും സമഗ്രമായ പശ്ചാത്തല വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം-യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച ബോവിക്കാനം-കാനത്തൂര്‍-കുറ്റിക്കോല്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ റോഡ്, പാലം വിഭാഗങ്ങളില്‍ അന്‍പത് പ്രവൃത്തികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. 4535.86 കോടി രൂപയാണ് ഈ പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. റോഡുകളും പാലങ്ങളും മാത്രമല്ല റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, മേല്‍പ്പാലങ്ങള്‍, ജംക്ഷനുകളുടെ വികസനം തുടങ്ങി സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നതെന്നും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന പ്രവൃത്തികളുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.

റോഡ് വികസനത്തിന്റെ ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വ്വഹിച്ച സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയും, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമനെയും സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ പൊതു ജനങ്ങളേയും മന്ത്രി അഭിനന്ദിച്ചു.