ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ സി പി എം-സി പി ഐ ഭിന്നത

single-img
16 August 2022

ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ സി പി എം-സി പി ഐ ഭിന്നത. നിലവിലെ രൂപത്തിൽ ബിൽ അവതരിപ്പിക്കാൻ ഒക്കില്ല എന്ന കർശന നിലപാട് സി പി ഐ മന്ത്രിമാർ യോഗത്തിൽ സ്വീകരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

ഗവർണർ ഓർഡിനൻസുകൾ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടന്ന് ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്.ഇതിനു മുന്നോടിയായിട്ടാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് ബിൽ കൊണ്ടുവന്നത്. ഇത് പരിഗണിക്കുമ്പോഴാണ് സി.പി.ഐ. മന്ത്രിമാരായ കെ.രാജനും പി. പ്രസാദും പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.

ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല. രാഷ്ട്രീയ കൂടിയാലോചന നടത്തിയേ മതിയാകൂ എന്നാണ് സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുന:പരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടിലുള്ളത്. ഇതാണ് സി പി ഐ എതിർക്കുന്നത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.