സ്വാതന്ത്ര്യദിന റാലിക്കിടെ പോലീസുകാരന്റെ തോക്കെടുത്തു തെലങ്കാന മന്ത്രി ആകാശത്തേക്ക് വെടിവച്ചു

single-img
14 August 2022

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ നടത്തിയ സ്വാതന്ത്ര്യ റാലിക്കിടെ എക്സൈസ് വകുപ്പ് മന്ത്രി വി ശ്രീനിവാസ് ഗൗഡാണ് പോലീസുകാരന്റെ തോക്ക് വാങ്ങി ആകാശത്തേക്ക് വെടി വെച്ചത്. മന്ത്രി ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വിഷയം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നു. താൻ ഉപയോഗിച്ചത് റബ്ബർ ബുള്ളറ്റ് മാത്രമാണെന്നാണ് മന്ത്രിയുടെ വാദം. ഒരു കായിക മന്ത്രിയായതിനാൽ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാണ് ഞാൻ വെടിയുതിർത്തതെന്നും ആയുധങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് എനിക്കുണ്ടെന്നും മന്ത്രി ഗൗഡ് പറഞ്ഞു. മാത്രമല്ല റബ്ബർ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് ജില്ലാ എസ്പിയുടെ അനുമതി വാങ്ങിയതായി മന്ത്രി വ്യക്തമാക്കി.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും പോലീസ് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.