ബീഹാറിൽ സ്ഥാനമൊഴിയാന്‍ കൂട്ടാക്കാത്ത സ്പീക്കര്‍ വിജയ്‌കുമാർ സിൻഹയെ പുറത്താക്കും

single-img
12 August 2022

രാജിവയ്‌ക്കാൻ വിസമ്മതിക്കുന്ന സ്‌പീക്കർ വിജയ്‌കുമാർ സിൻഹയെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ബിഹാർ മഹാസഖ്യ സർക്കാർ. ഇതിനു വേണ്ടി അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവരും. നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം സർക്കാർ 24ന്‌ വിശ്വാസവോട്ട്‌ തേടുന്നതിന് മുന്നേ തന്നെ സ്പീക്കറെ പുറത്താക്കാന് നിലവിലെ തീരുമാനം.

സ്‌പീക്കർ രാജിവയ്‌ക്കാൻ കൂട്ടാക്കാത്തതിനാലാണ് വിശ്വാസവോട്ടിനായുള്ള സമ്മേളനം 24ലേക്ക്‌ നീട്ടിയത്. സ്‌പീക്കർക്കെതിരായി അവിശ്വാസം കൊണ്ടുവരണമെങ്കിൽ അമ്പത്‌ എംഎൽഎമാർ ഒപ്പിട്ട പ്രമേയം നിയമസഭാ സെക്രട്ടറിക്ക്‌ സമർപ്പിക്കണം. സമർപ്പിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം മാത്രമാണ്‌ പ്രമേയം പരിഗണിക്കാനാകുക.

പ്രമേയം വോട്ടിടുമ്പോള്‍ ഡെപ്യൂട്ടി സ്‌പീക്കറാണ്‌ സഭ നിയന്ത്രിക്കേണ്ടത്‌. ജെഡിയുവിന്റെ മഹേശ്വർ ഹസാരിയാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ. നിയമസഭ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കത്ത്‌ നൽകിയിട്ടുണ്ടെന്ന്‌ സ്‌പീക്കർ വിജയ്‌കുമാർ സിൻഹ പ്രതികരിച്ചു.

ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപക്ഷം എന്നിവ ഉൾപ്പെട്ട മഹാസഖ്യത്തിന്‌ സഭയിൽ 164 അംഗങ്ങളുണ്ട്‌. പ്രതിപക്ഷത്ത്‌ 77 ബിജെപി അംഗങ്ങളും ഒരു എഐഎംഐഎം അംഗവും ആണ് ഉള്ളത്.