ഉക്രെയ്ൻ ഷെല്ലുകൾസാപോറോഷെ ആണവ നിലയത്തിന് സമീപം പതിച്ചു; ‘ആത്മഹത്യ ആക്രമണങ്ങൾ’ എന്ന് റഷ്യ
ഉക്രൈനിൽ നിന്നുള്ള പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച് ആ രാജ്യത്തിന്റെ സൈന്യം വിക്ഷേപിച്ച പത്ത് ഷെല്ലുകൾ ഇന്ന് സാപോറോഷെ ആണവ നിലയത്തിന് സമീപം പതിച്ചു. തെക്കുകിഴക്കൻ ഉക്രെയ്നിലെ ഈ നിലയം ഇപ്പോൾ മോസ്കോയുടെ സേനയുടെ നിയന്ത്രണത്തിലാണ്. പ്ലാന്റിലെ കമാൻഡന്റ് ഓഫീസിന് സമീപം, വെൽഡിംഗ് സൈറ്റിനും റേഡിയോ ആക്ടീവ് വസ്തുക്കളുടെ സംഭരണശാലയ്ക്കും സമീപം അഞ്ച് ഷെല്ലുകൾ പതിച്ചതായും പ്രദേശത്തെ പുല്ലിന് തീപിടിക്കാൻ കാരണമായതായും സപോറോജി റീജിയൻ മിലിട്ടറി-സിവിൽ അഡ്മിനിസ്ട്രേഷൻ അംഗമായ വ്‌ളാഡിമിർ റോഗോവ് പറയുന്നു.
മറ്റുള്ള അഞ്ച് ഷെല്ലുകൾ പവർ പ്ലാന്റിന് സമീപമുള്ള ഫയർ സ്റ്റേഷന് സമീപമാണ് പതിച്ചത്. ഇന്ന് മാത്രം ഇത് രണ്ടാം തവണയാണ് വൈദ്യുതി നിലയത്തിന് തീപിടിത്തമുണ്ടായതെന്നും ഒന്നിലധികം വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങളും ഡിനെപ്രോപെട്രോവ്‌സ്ക് മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന കനത്ത പീരങ്കികളും ഉപയോഗിച്ച് ഉക്രേനിയൻ സേനയാണ് ആക്രമണം നടത്തുന്നതെന്നും റോഗോവ് പറഞ്ഞു.
അതേസമയം, ചെർണോബിലിനേക്കാൾ ഭീകരമായ ആണവ ദുരന്തത്തെക്കുറിച്ച് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണങ്ങളൊന്നും റിയാക്ടറുകളിൽ തീപിടുത്തത്തിലേക്ക് നയിച്ചിട്ടില്ലെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പവർ പ്ലാന്റിന് ഏറ്റവും അടുത്തുള്ള നഗരമായ എനർഗോദറിലെ സൈനിക-സിവിൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായി കണക്കാക്കപ്പെടുന്ന സപോറോഷെ ആണവനിലയം ഫെബ്രുവരി അവസാനം റഷ്യ അയൽരാജ്യത്ത് സൈനിക ആക്രമണം ആരംഭിച്ചപ്പോൾ റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു റഷ്യൻ നിയന്ത്രണത്തിലുള്ള ഇവിടെ ഇപ്പോൾ ഉക്രേനിയൻ ജീവനക്കാരുമായി ഈ സൗകര്യം പ്രവർത്തിക്കുന്നത് തുടരുകയാണ്.
കഴിഞ്ഞ ആഴ്‌ച, ഉക്രേനിയൻ സൈന്യം പ്ലാന്റിൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു . ഉക്രൈൻ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ റഷ്യ “ആണവ ഭീകരത” എന്ന് അപലപിക്കുകയും അത്തരം “ആത്മഹത്യ ആക്രമണങ്ങൾ” നടത്തി യൂറോപ്പിനെ മുഴുവൻ ബന്ദികളാക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
അതേസമയം തങ്ങളുടെ സൈന്യം പ്ലാന്റ് ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകൾ ഉക്രേനിയൻ പക്ഷം ആവർത്തിച്ച് നിഷേധിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി റഷ്യ ഈ സൗകര്യത്തിന് ഷെല്ലാക്രമണം നടത്തിയെന്ന് ആരോപിച്ചു. ഉക്രെയ്‌നും യുഎസും റഷ്യൻ സൈന്യം പ്ലാന്റ് മറയായി ഉപയോഗിക്കുന്നതായി ആരോപിച്ചിരുന്നു.