പത്രവാർത്തയിൽ സംസ്ഥാന സെക്രട്ടറിയായി ശ്രീജ നെയ്യാറ്റിൻകര; താൻ എങ്ങനെയാണ് വെൽഫെയർ പാർട്ടിയിൽ എത്തിയതെന്ന് ശ്രീജ നെയ്യാറ്റിൻകര

single-img
10 August 2022

താൻ എങ്ങിനെയാണ് ജമാ അത് ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയിൽ എത്തിയതെന്ന് സോഷ്യൽ മീഡിയയിലൂടെ വിവരിച്ചിരിക്കുകയാണ് രാജിവെച്ചു പുറത്തുപോന്ന മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ശ്രീജ നെയ്യാറ്റിൻകര.

യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠന കേന്ദ്രത്തിലെ ചില പ്രോജക്ട് വർക്കും സമരങ്ങളുമായി നിലകൊള്ളുമ്പോഴാണ് കാലങ്ങളായി സമരയിടങ്ങളിൽ സ്ഥിരമായി കാണാറുള്ള സുഹൃത്തും ജമാഅത്തെ ഇസ്ലാമി നേതാവുമായ എം മെഹബൂബ് ഫോണിൽ വിളിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കൾക്ക് എന്നെ കാണണം എന്ന് പറയുന്നത് … എന്നെ എന്തിനാ അവർ കാണുന്നത് എന്ന ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുണ്ട് അതിനെ കുറിച്ച് സംസാരിക്കാനാണ് എന്ന് പറഞ്ഞു … നിങ്ങളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം പൂർത്തിയായി എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം … രാഷ്ട്രീയ പാർട്ടികളോട് താല്പര്യമില്ലാതിരുന്ന ഞാൻ അവരെ കാണുന്നതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല എന്ന് ശ്രീജ പറയുന്നു.

വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം കഴിഞ്ഞതിന്റെ പിറ്റേദിവസം പുലർച്ചെ എനിക്കൊരു ഫോൺ കാൾ എസ് യു സി ഐ നേതാവ് എം ഷാജർഖാൻ .. ഇത്ര പുലർച്ചെ എന്തിനായിരിക്കും സഖാവ് വിളിക്കുന്നത് എന്ന് ആലോചിച്ചാണ് ഫോണെടുത്തത് … എടുത്ത പാടേ “ജമാഅത്തെ ഇസ്‌ലാമിയിൽ പോയി ചേർന്നല്ലേ “എന്നായിരുന്നു പുള്ളിയുടെ ചോദ്യം .. ഒന്നും മനസിലാകാതെ ഞാൻ എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ പോയി മാതൃഭൂമി പത്രം എടുത്ത് നോക്കൂ എന്ന് സഖാവിന്റെ മറുപടി… സഖാവ് കാര്യം പറ ഇവിടെ പത്രം വരാൻ നേരമായിട്ടില്ല എന്ന് പറയുമ്പോൾ അദ്ദേഹം വാർത്ത വായിച്ച് കേൾപ്പിച്ചു ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വാർത്ത കൂടെ ഭാരവാഹികളുടെ പേരുകൾ അതിൽ സംസ്ഥാന സെക്രട്ടറിയായി ശ്രീജ നെയ്യാറ്റിൻകര..കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

എങ്ങനെയാണ് ശ്രീജ നെയ്യാറ്റിൻകര വെൽഫെയർ പാർട്ടിയിൽ എത്തിയത് “… നിരവധി പേർ ഉന്നയിക്കുന്നൊരു ചോദ്യമാണിത് … എന്തുകൊണ്ടാണ് വെൽഫെയർ പാർട്ടിയിൽ നിന്ന് രാജി വച്ചത് എന്ന് മാത്രേ പബ്ലിക് ഡോമൈനിൽ പറഞ്ഞിട്ടുള്ളൂ എങ്ങനെയാണ് വെൽഫെയർ പാർട്ടിയിൽ എത്തിയത് എന്ന് പറഞ്ഞിട്ടില്ല …

പത്തു വർഷങ്ങൾക്ക് മുൻപാണ്… ഏകതാ പരിഷത്തിൽ നിന്നും പുറത്തു വന്ന കാലം .. നെയ്യാർ സമരം ശക്തമാകുന്ന കാലം … യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠന കേന്ദ്രത്തിലെ ചില പ്രോജക്ട് വർക്കും സമരങ്ങളുമായി നിലകൊള്ളുമ്പോഴാണ് കാലങ്ങളായി സമരയിടങ്ങളിൽ സ്ഥിരമായി കാണാറുള്ള സുഹൃത്തും ജമാഅത്തെ ഇസ്ലാമി നേതാവുമായ എം മെഹബൂബ് ഫോണിൽ വിളിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കൾക്ക് എന്നെ കാണണം എന്ന് പറയുന്നത് … എന്നെ എന്തിനാ അവർ കാണുന്നത് എന്ന ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുണ്ട് അതിനെ കുറിച്ച് സംസാരിക്കാനാണ് എന്ന് പറഞ്ഞു … നിങ്ങളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം പൂർത്തിയായി എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം … രാഷ്ട്രീയ പാർട്ടികളോട് താല്പര്യമില്ലാതിരുന്ന ഞാൻ അവരെ കാണുന്നതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല..

മാത്രമല്ല ചില ജമാഅത്തെ ഇസ്ലാമി നേതാക്കളും പ്രവർത്തകരുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും പ്രസ്തുത സംഘടനയുമായോ അതിന്റെ മറ്റേതെങ്കിലും ഘടകങ്ങളുമായോ എനിക്ക് യാതൊരു ബന്ധവും അക്കാലം വരെ ഉണ്ടായിട്ടില്ല … കേരള ഗാന്ധി സ്മാരക നിധിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്നാണ് ആ സൗഹൃദങ്ങൾ രൂപപ്പെട്ടതും .. അതിൽ പ്രധാനം വർഗീയ സംഘർഷങ്ങൾക്കെതിരെ സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ശാന്തി സമിതിയായിരുന്നു …

കുറച്ചു നാളുകൾക്ക് ശേഷം മെഹബൂബ് സാഹിബ് വീണ്ടും വിളിക്കുന്നു … നെയ്യാർ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിൽ ശ്രീജ യൂണിവേഴ്സിറ്റിയിൽ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു .. ഉണ്ടല്ലോ എന്ന് ഞാൻ മറുപടിയും പറഞ്ഞു. കുറച്ചു നേരം കഴിയുമ്പോൾ ഗാന്ധിയൻ പഠന കേന്ദ്രത്തിലേക്ക് മെഹബൂബ് സാഹിബും ഒരു കൂട്ടം ആളുകളും എത്തുന്നു. അദ്ദേഹത്തെയല്ലാതെ മറ്റാരേയും എനിക്കറിയില്ല … ഹമീദ് വാണിയമ്പലം, കെ എ ഷഫീഖ്, ഡോ കൂട്ടിൽ മുഹമ്മദലി തുടങ്ങിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു .. അവരെയൊക്കെ അന്നാണ് ഞാൻ ആദ്യമായി കാണുന്നത് … സോളിഡാരിറ്റിയുടെ സംസ്ഥാന നേതാക്കൾ എന്ന് പറഞ്ഞു കൊണ്ട് അവർ സ്വയം പരിചയപ്പെടുത്തി.

അവിടെ വച്ചാണ് ആദ്യമായി ഞാൻ വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കാളിയാകുന്നത് … അവർ പാർട്ടി എന്താണ് എന്ന് വിശദീകരിക്കുന്ന ചെറിയൊരു ബുക്ക് ലെറ്റ് എനിക്ക് നൽകി … ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെ കുറിച്ചൊക്കെ സംസാരിച്ച് തിരികെ പോയി .

തുടർന്ന് പാർട്ടിയിൽ ചേരാൻ കെ എ ഷഫീഖ്‌, എം മെഹബൂബ് എന്നിവർ എന്നെ നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടിരുന്നു … തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന അവരുടെ മീറ്റിംഗുകളിലേക്ക് എന്നെ ക്ഷണിച്ചു… ഞാൻ പങ്കെടുത്തില്ല ..ഒടുവിൽ കേരളത്തിൽ പാർട്ടി പ്രഖ്യാപനം നടന്നു അതിലും ക്ഷണിക്കപ്പെട്ടു.. വരാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി … ഇതിനിടെ പാർട്ടിയിൽ ചേർന്ന ചിലരെ കൊണ്ട് എന്നെ വിളിപ്പിച്ചു. പക്ഷേ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുക എന്നത് എന്റെ ലക്ഷ്യമേ അല്ലായിരുന്നു എന്നത് കൊണ്ട് തന്നെ ആ വിളികൾ ഞാനത്ര സീരിയസ് ആയി കണ്ടില്ല …

ഒരു വലിയ പുസ്തകശാലയും സമരങ്ങളുടെ എകീകരണവും സ്ത്രീ പഠനകേന്ദ്രവും കേരളത്തിലെ 44 പുഴകളെ കുറിച്ചുള്ള പഠനവും യാത്രകളും വിപ്ലവവും ഒക്കെ സ്വപ്നം കണ്ട് നടന്നിരുന്ന എന്നെ ഒരു രാഷ്ട്രീയ പാർട്ടിയിൽ തളച്ചിടാൻ ഞാൻ ഉദ്ദേശിച്ചിട്ടേ ഉണ്ടായിരുന്നില്ല.

മാത്രമല്ല ഞാൻ അന്ന് വളരേ സുപ്രധാനമായ ഒരു വിഷയത്തിലായിരുന്നു മരിച്ചു പോയ ഉഷേച്ചിയുടേയും ( ഉഷ സക്കറിയ ) ഗാന്ധിയൻ പഠന കേന്ദ്രം കോ ഓഡിനേറ്റർ ജെ എം റഹീമിന്റേയും നിർബന്ധത്തെ തുടർന്ന് ഒരു പുസ്തകം ചെയ്യുന്ന സമയമായിരുന്നത്.. ഞാനെന്ന സ്ത്രീയുടെ അതിജീവന സമരങ്ങളെ കുറിച്ചും ആദിവാസി മേഖലയിലെ എക്സ്പീരിയൻസിനെ കുറിച്ചുമൊക്കെയായിരുന്നത് ..ഉഷേച്ചി എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത് നെയ്യാർ സമരകാലത്തായിരുന്നു

എന്നാൽ കാര്യങ്ങളൊക്കെ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു …
വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം കഴിഞ്ഞതിന്റെ പിറ്റേദിവസം പുലർച്ചെ എനിക്കൊരു ഫോൺ കാൾ എസ് യു സി ഐ നേതാവ് എം ഷാജർഖാൻ .. ഇത്ര പുലർച്ചെ എന്തിനായിരിക്കും സഖാവ് വിളിക്കുന്നത് എന്ന് ആലോചിച്ചാണ് ഫോണെടുത്തത് … എടുത്ത പാടേ “ജമാഅത്തെ ഇസ്‌ലാമിയിൽ പോയി ചേർന്നല്ലേ “എന്നായിരുന്നു പുള്ളിയുടെ ചോദ്യം .. ഒന്നും മനസിലാകാതെ ഞാൻ എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ പോയി മാതൃഭൂമി പത്രം എടുത്ത് നോക്കൂ എന്ന് സഖാവിന്റെ മറുപടി… സഖാവ് കാര്യം പറ ഇവിടെ പത്രം വരാൻ നേരമായിട്ടില്ല എന്ന് പറയുമ്പോൾ അദ്ദേഹം വാർത്ത വായിച്ച് കേൾപ്പിച്ചു ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വാർത്ത കൂടെ ഭാരവാഹികളുടെ പേരുകൾ അതിൽ സംസ്ഥാന സെക്രട്ടറിയായി ശ്രീജ നെയ്യാറ്റിൻകര …

ജമാഅത്തെ ഇസ്‌ലാമിക്കാർ വന്നതും ചർച്ച ചെയ്തതുമൊക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നതിനപ്പുറം ഞാൻ വെൽഫെയർ പാർട്ടിയിൽ ചേരും എന്ന് പുള്ളി ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല…
സത്യത്തിൽ ഞെട്ടിപ്പോയി സഖാവേ ഇത് എന്റെ അറിവോടെയല്ല എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു . അപ്പോൾ തന്നെ കെ എ ഷഫീഖിനെ വിളിച്ചു .. നിങ്ങൾ എന്ത് പണിയാണീ കാണിച്ചത് എന്റെ അനുവാദമില്ലാതെ എന്നെ സംസ്ഥാന നേതാവായി പ്രഖ്യാപിക്കാനും അത് പത്രത്തിൽ കൊടുക്കാനും നിങ്ങളോടാരാ പറഞ്ഞത് എന്ന് ചോദിക്കുമ്പോൾ ശ്രീജ പാർട്ടിയിൽ ചേരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞില്ലല്ലോ എന്നായിരുന്നു ഷഫീഖിന്റെ മറുപടി …

ശരിയാണ് നിരന്തരം വിളിക്കുമ്പോൾ ഞാൻ അഴകൊഴമ്പൻ മറുപടി പറഞ്ഞിട്ടുണ്ടാകാം .. ആ മറുപടിയിൽ നിന്ന് എനിക്ക് താല്പര്യമില്ല എന്ന് അവർ മനസിലാക്കും എന്ന് ഞാൻ കരുതി .. പക്ഷേ ആ അഴകൊഴമ്പൻ മറുപടി എങ്ങനെയാണ് സംസ്ഥാന നേതാവായി എന്നെ പ്രഖ്യാപിക്കാൻ കാരണമായത് എന്ന് എനിക്ക് മനസിലായില്ല …

തുടർന്ന് ഞാൻ നേരിട്ട പ്രതിസന്ധികൾക്ക് കണക്കില്ല .. ഗാന്ധിയൻ പഠനകേന്ദ്രം കോ ഓഡിനേറ്റർ ജെ എം റഹിം അടക്കമുള്ള പലരും എന്നോട് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പറഞ്ഞു … പക്ഷേ ബദൽ രാഷ്ട്രീയ സ്വപ്നങ്ങളും പേറി രൂപീകൃതമായ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ, അതിന്റെ തുടക്കത്തിൽ തന്നെ ഞാൻ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് തോന്നി … പക്ഷേ അന്നത് ചെയ്യാതിരുന്നത് വിഡ്ഢിത്തം ആണെന്ന് എനിക്ക് പിന്നീട് ബോധ്യമായി .

ആഴ്ചകൾക്ക് ശേഷം തിരുവനന്തപുരം ഇസ്‌ലാമിക് സെന്ററിൽ വച്ച് വീണ്ടും ഒരു ചർച്ച നടന്നു … പേര് പ്രഖ്യാപിക്കപ്പെട്ട ഞാൻ വിട്ടു നിൽക്കുന്നത് അവർക്കുണ്ടാക്കുന്ന പ്രതിസന്ധിയെ കുറിച്ചും മറ്റും അവർ എന്നോട് സംസാരിച്ചു … ഒടുവിൽ ഞാൻ മനസില്ലാ മനസോടെ വെൽഫെയർ പാർട്ടിക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു … അതോടു കൂടെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ പതിയെ പതിയെ നഷ്ടപ്പെട്ടു … ഇടപെടൽ നടത്തിക്കൊണ്ടിരുന്ന മേഖലകളിൽ നിന്ന് പതിയെ പതിയെ ഞാൻ നിഷ്കാസനം ചെയ്യപ്പെടുന്നതായി എനിക്ക് മനസിലായി … കണ്ടാൽ പോലും മിണ്ടാത്ത കൂട്ടുകാർ … സ്ഥിരമായി പങ്കെടുത്തു കൊണ്ടിരുന്ന വേദികളിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടു .. ശരിക്കും ഞാൻ വെൽഫെയർ പാർട്ടിയിലേക്ക് പൂർണ്ണമായി ചുരുങ്ങി .

നിരവധി അഭിപ്രായ വ്യത്യാസങ്ങൾ നിരന്തരം ഉണ്ടായി … പൊട്ടിത്തെറിക്കേണ്ടതും പൊട്ടിക്കരയേണ്ടതുമായ സാഹചര്യങ്ങൾ ഉണ്ടായി … അപ്പോഴും നിരവധി നല്ല അനുഭവങ്ങളും ഉണ്ടായി ..( ആ അനുഭവങ്ങൾ ഞാൻ പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട് ) എന്നിലെ സംഘാടകയ്ക്കും പ്രഭാഷകയ്ക്കും നിരവധി അവസരങ്ങൾ വെൽഫെയർ പാർട്ടി നൽകി … നല്ല സൗഹൃദങ്ങൾ ഉണ്ടായി .. ഒടുവിൽ 9 കൊല്ലങ്ങൾക്ക് ശേഷം അവിടെ നിന്ന് പടിയിറങ്ങി …. ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം എനിക്കൊട്ടും ഇണങ്ങില്ല എന്ന പൂർണ്ണ ബോധ്യത്തോടെ …

ഇന്ന് ഞാൻ പത്തു വർഷങ്ങൾക്ക് മുൻപ് നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്ക് പിറകേയാണ് … അതാണ്‌ സിറ്റിസൺസ് ഫോർ ഡെമോക്രസി എന്ന കുഞ്ഞു സംഘടന ….സന്തോഷവും സമാധാനവുമുണ്ട് .. ആ സമാധാനം, എനിക്ക് പറ്റിയ തെറ്റാണ് വെൽഫെയർ പാർട്ടി എന്നും അതിൽ മറ്റൊരാൾക്കും പങ്കില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടായതാണ് .. ഇനി ആരും എങ്ങനെ ശ്രീജ വെൽഫെയർ പാർട്ടിയിൽ എത്തി എന്ന് ചോദിച്ചു വരരുത് …