ബാലഗോകുലത്തിൽ പങ്കെടുക്കരുത് എന്ന് സി പി എം നിർദ്ദേശം ഇല്ലായെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്

single-img
8 August 2022

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് വിശദീകരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം അടക്കം സംഘടിപ്പിക്കുന്ന പരുപാടിയിൽ പങ്കെടുക്കരുത് എന്ന് സി പി എം നിദ്ദേശം ഇല്ല എന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്.

ബാലഗോകുലം ആർ എസ് എസ്സിന്റെ പോഷക സംഘടയാണ് എന്ന് അറിയില്ലായിരുന്നു. ബിജെപിക്കാർ ഉൾപ്പടെ നടത്തുന്ന പല പരിപാടികളിലും താൻ പോകാറുണ്ട്. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണ്. ഉണ്ണിക്കണ്ണനെ പോലെ കുട്ടികളെ കരുതണം എന്നാണു പറഞ്ഞത്. ബാലഗോകുലം അടക്കം സംഘടിപ്പിക്കുന്ന പരുപാടിയിൽ പങ്കെടുക്കരുത് എന്ന് സി പി എം നിദ്ദേശം ഇല്ല. അമ്മമാരുടെ കൂട്ടായ്മയിൽ ആണ് പങ്കെടുത്തത് എന്നും മേയർ പറഞ്ഞു.

അതേസമയം സി പി എം ചിലവിൽ ആർ എസ് എസ്സിന് ഒരു മേയറെ കിട്ടി എന്നാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്. മേയറെ പുറത്താക്കാൻ സി പി എമ്മിന് ധൈര്യം ഉണ്ടോ എന്നും കോഴിക്കോട് ഡി സി സി അധ്യക്ഷൻ പ്രവീൺ കുമാർ ചോദിച്ചു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ മേയർ ഉദ്ഘാടകയായി എത്തിയത്. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയ മേയർ പുരാണ കഥാപാത്രങ്ങളെപ്പറ്റി പ്രസംഗത്തിൽ പലതവണ സൂചിപ്പിച്ചു.