ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും

single-img
8 August 2022

ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും. നാലിന് ഉദ്ഘാടനം ചെയ്യുമെങ്കിലും 5നു വിജയ ദശമി ദിനം മുതലാണ് ഭക്തർക്കു പ്രവേശനം അനുവദിക്കുക. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. ഉദ്ഘാടന സമ്മേളനത്തിൽ യുഎഇ ഭരണാധികാരികൾ അടക്കം പങ്കെടുക്കും.

ദീപാവലി, നവരാത്രി ഉൽസവങ്ങൾ ഈ വർഷം നടത്താനും പദ്ധതിയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിവസവും 1200 ആളുകൾക്ക് ദർശനത്തിനും പ്രാർഥനക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. വിശേഷ ദിവസങ്ങളിൽ ആളുകൾ കൂടുതൽ എത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ കണക്കു കൂട്ടുന്നു.

ഇന്ത്യയുടെ തനതു വാസ്തു ശിൽപ പാരമ്പര്യം പിന്തുടരുന്ന നിർമാണ രീതിയാണ് ക്ഷേത്രത്തിലേത്. 16 മൂർത്തികൾക്കു പ്രത്യേക കോവിലുകൾ, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് പുതിയ ക്ഷേത്രം. മണികളും ആനകളും പൂക്കളും അടങ്ങുന്ന ചിത്രപ്പണികളാണ് ക്ഷേത്രത്തിന്റെ വാതിലുകളിലും തൂണുകളിലും ചുവരുകളിലുമുള്ളത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആരാധന മൂർത്തികൾക്ക് ക്ഷേത്രത്തിൽ ശ്രീകോവിലുകളുണ്ട്.

വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജബൽ അലി. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.