പാലിയേക്കര ടോൾ: റോഡ് നിർമ്മാണത്തിന് ചെലവായത് 721 കോടി രൂപ; ഇത് വരെ ടോൾ പിരിച്ചത് 957 കോടിയും

single-img
8 August 2022

മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തു എന്ന് റിപ്പോർട്ട്. 721.17 കോടി രൂപയാണ് നാലുവരി പാതയുടെ നിർമ്മാണത്തിന് ചെലവായത്. എന്നാൽ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്.

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. വിവരാവകാശ രേഖകൾ പ്രകാരം പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപയാണ് നിർമ്മാണ കമ്പനിക്ക് ടോൾ ആയി ഇവിടെനിന്നും ലഭിക്കുന്നത്. എന്നാൽ ഇത്രയും വരുമാനം ഉണ്ടായിട്ടും ടോൾ റോഡിന്റെ അറ്റകുറ്റപ്പണിയില്‍ വലിയ അലംഭാവമാണ് നിർമ്മാണ കമ്പനി കാണിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.

അതിനിടെ പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കി. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്നും ഈ നയത്തിൻ്റെ അടിസ്ഥാനത്തിൽ പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പരിഗണിക്കാമെന്നുമാണ് പരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.