ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

single-img
7 August 2022

ഇടുക്കി: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 40 സെന്‍റീ മീറ്ററായാണ് ഉയര്‍ത്തിയത്. 100 ക്യുമെക്‌സ് വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്തുവിടുന്നത്.

കൂടാതെ നേരത്തെ തുറന്ന ഷട്ടറുകള്‍ 40 സെന്റീമീറ്ററായി ഉയര്‍ത്തുകയും ചെയ്തു.

ഇന്ന് രാവിലെ 10 മണിക്കാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നത്. 70 സെന്റീമീറ്ററായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. കാലാവസ്ഥ മെച്ചപ്പട്ടാല്‍ ഡാം അടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനായി 29 ക്യാമ്ബുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജല നിരപ്പുയര്‍ന്നു. പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ടും പമ്ബാ ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച്ച തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. പാലക്കാട് ചുള്ളിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

വയനാട് ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. നാളെ രാവിലെ 8 ന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കും. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. റെഡ് അലര്‍ട്ട് നല്‍കിയ കക്കി ആനത്തോട് ഡാം നാളെ തുറന്നേക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും മഴ തുടരുന്നതാണ് ഡാമുകളിലെ ജല നിരപ്പ് ഉയരാന്‍ കാരണം.