സംസ്ഥാനത്തു ലൈസന്‍സുള്ളത് 589 ക്വാറികള്‍ക്ക്; പ്രവർത്തിക്കുന്നത് 5335 ക്വാറികള്‍

single-img
7 August 2022

സർക്കാർ ലൈസന്‍സ് നല്‍കിയതിന്റെ പത്തിരട്ടിയോളം ക്വാറികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കേരളത്തിൽ ആകെ 589 ക്വാറികള്‍ക്കാണ് ലൈസൻസ് നൽകിയിട്ടുള്ളത് എന്നാൽ ആകെ പ്രവർത്തിക്കുന്നത് ഏകദേശം 5335 ക്വാറികളാണ് എന്നാണു റിപ്പോർട്ടുകൾ. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കേരളത്തിൽ ഇത്രയധികം ക്വാറികള്‍ പ്രവർത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത്.

2438 ക്വാറികളാണ് പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളത്. തെക്കന്‍ കേരളത്തില്‍ 1517, വടക്കന്‍ കേരളത്തില്‍ 1969 എന്നിങ്ങനെയാണ് ക്വാറികളുടെ എണ്ണം. 17685 ഏക്കറിലാണ് ഈ ക്വാറികള്‍ സ്ഥിതി ചെയ്യുന്നത്.

മധ്യകേരളത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അശാസ്ത്രീയമാണ് യാതൊരു മാനദണ്ഡങ്ങൾ ഇല്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം ക്വാറികള്‍ കാരണം ഉരുള്‍പൊട്ടലിലനും മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെയുണ്ടായ 78 ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനധികൃത ക്വാറി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടയുകയും ലൈസന്‍സുള്ള ക്വാറികളില്‍ നിന്നുള്ള ഖനനം നിയന്ത്രിക്കുകയുമാണ് ഏക വഴിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.