മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

single-img
7 August 2022

ഇംഫാല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ സെക്രട്ടറി എച്ച്‌. ഗയാന്‍ പ്രകാശ് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഫൗഗക്ചാവോ ഇഖാങ്ങില്‍ ഏതാനും ആളുകള്‍ ചേര്‍ന്ന് വാഹനം കത്തിച്ചുവെന്ന ബിഷ്ണുപൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡാറ്റാ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

മണിപ്പൂര്‍ ‘ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ബില്‍ 2021’ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്ന് വിദ്യാര്‍ഥി സംഘടനയായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്‌യുഎം) ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി മണിപ്പൂര്‍ ഡിസ്ട്രിക്‌ട് 6,7 ഭേദഗതി ബില്ലുകളാണ് ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

ഇതിനെതിരെ ഏതാനും ദിവസങ്ങളായി വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശനിയാഴ്ച പ്രതിഷേധ റാലി പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 30 വിദ്യാര്‍ഥികള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു വിദ്യാര്‍ഥി നേതാക്കള്‍ റിമാന്‍ഡിലാണ്. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെയാണ് കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.