ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

single-img
7 August 2022

നാഗ്പൂര്‍: ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

കുട്ടിയുടെ പിതാവ് സിദ്ധാര്‍ഥ് ചിംനെ (45), മാതാവ് രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യക്കും 5 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം സിദ്ധാര്‍ഥ് തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍ ഇളയമകളുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടായതായും കുട്ടി ദുഷ്ടശക്തിയുടെ സ്വാധീനത്തിലായതായും കുടുംബം വിശ്വസിച്ചു. തുടര്‍ന്ന് കുട്ടിയെ ദുഷ്ടശക്തിയുടെ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കാന്‍ കുടുംബം ദുര്‍മന്ത്രവാദം നടത്തുകയായിരുന്നു.

രക്ഷിതാക്കളും അമ്മായിയും ചേര്‍ന്നാണ് ദുര്‍മന്ത്രവാദം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന ചിംനെ ചിത്രീകരിച്ചു. മന്ത്രവാദത്തിനിടെ അടിയേറ്റ് കുട്ടി അബോധാവസ്ഥിയിലായി. തുടര്‍ന്ന് കുട്ടിയെ ആദ്യം ദര്‍ഗയിലേക്കും പിന്നീട് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ച ശേഷം പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി സുരക്ഷ ജീവനക്കാരന്‍ അവരുടെ കാറിന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി.

ആശുപത്രി അധികൃതരുടെ പരാതിയില്‍ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. നരബലി, ദുര്‍മന്ത്രവാദം നിരോധന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷനിയമം അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് എടുത്തായി പൊലീസ് അറിയിച്ചു.