ഹിന്ദു ദൈവങ്ങളുടെ അധിക്ഷേപ ചിത്രം; യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പിന്നാലെ മാപ്പ് പറഞ്ഞ് ‘ദി വീക്ക് ‘

single-img
6 August 2022

ഹൈന്ദവ ദേവതകളായ ശിവന്റെയും കാളിയുടെയും അധിക്ഷേപകരമായ രീതിയിലുള്ള ചിത്രം പ്രസിദ്ധീകരിച്ചതിന് ദി വീക്കിന്റെ എഡിറ്റര്‍ക്കും മാനേജ്മെന്റിനുമെതിരെ യുപി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ തന്നെ സംഭവത്തില്‍ മാഗസിന്‍ ക്ഷമാപണം നടത്തി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് മാഗസിൻ വിവാദ ചിത്രം ഉപയോഗിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയക്കുകയും ചെയ്തു.

താൻ നൽകിയ ലേഖനത്തിന്റെ ഉള്ളടക്കവും അവര്‍ മാഗസിൻ നല്‍കിയ ചിത്രവും തമ്മില്‍ നേരിയ ഒരു ബന്ധം മാത്രമേയുള്ളൂ. ഈ ചിത്രം മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്തതാണ് അദ്ദേഹം തന്റെ കത്തില്‍ ആരോപിക്കുന്നു. എന്നാൽ, ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റര്‍-ഇന്‍-ചാര്‍ജ് വിഎസ് ജയചന്ദ്രന്‍ പറഞ്ഞത്, ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നല്‍കിയതിന് പിന്നില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നെന്നാണ്

”ഞങ്ങളുടെ പല രീതിയിലുള്ള വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം അറിയിച്ചു.

ഇതോടൊപ്പം തന്നെ ദ വീക്ക് ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയെ തുടര്‍ന്ന് കാണ്‍പൂരിലെ കോട്വാലി പോലീസ് വ്യാഴാഴ്ച മാഗസിനെതിരെ കേസെടുത്തതായി ദേശീയ വാർത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.