ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത് കരുണാനിധി: MK സ്റ്റാലിൻ

single-img
6 August 2022

ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത് അന്നത്തെ തമിഴ് നാട് മുഖ്യമന്ത്രി ആയിരുന്ന എം കരുണാനിധിയാണെന്ന് MK സ്റ്റാലിൻ. നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹർ ഘർ തിരംഗ’ സോഷ്യൽ മീഡിയ കാംപയിനിൽ പങ്കുചേർന്ന് എം. കരുണാനിധി ദേശീയ പതാക ഉയർത്തിയ ചിത്രം പങ്കു വെച്ചുകൊണ്ടാണ് സ്റ്റാലിന്റെ വെളിപ്പെടുത്തൽ.

NewProfilePic എന്ന ഹാഷ്ടാഗോടെയാണ് സ്റ്റാലിൻ പുതിയ ചിത്രം പങ്കു വെച്ചത്. മോദിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന തരത്തിലാണ് സ്റ്റാലിന്റെ രാഷ്ട്രീയ നീക്കം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡി.പി ദേശീയപതാകയുടെ ചിത്രമാക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ എല്ലാവരും പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കി കാംപയിനിൽ പങ്കുചേരാനും മോദി ജനങ്ങളോട് ആഹ്വനം ചെയ്തിരുന്നു.

മോദിയുടെ ആഹ്വാനത്തിനു ചുവടുപിടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. എന്നാൽ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശീയപതാക പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു രാഹുലും പ്രിയങ്കയും ഡി.പിയാക്കിയത്.