കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

single-img
6 August 2022

ഡീസൽ അടിക്കാൻ പണമില്ലാതെ സർവീസുകൾ വെട്ടിക്കുറച്ചതോടെ കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഇപ്പോൾ ദിവസേന പണം നൽകിയാണു ഡീസൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനു മുൻ കുടിശിക 123 കോടിയും പലിശയും ചേർത്തു 139 കോടി കൊടുക്കാനുള്ളതിനാൽ ഇന്ധനം ലഭിക്കില്ല. ഇതിൽ 20 കോടി എങ്കിലും കൊടുത്താൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ സർവീസുകൾ വീണ്ടും ആരംഭിക്കാൻ കഴിയുകയുള്ളൂ.

ധനവകുപ്പ് ഇന്ന് 20 കോടി രൂപ അനുവദിച്ചാൽ നടപടിക്രമങ്ങൾ കഴിഞ്ഞു തിങ്കളാഴ്ച പണം ലഭിക്കും. അങ്ങനെ വന്നാൽ ചൊവ്വാഴ്ചയെങ്കിലും പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. എന്നാൽ 20 കോടി രൂപ ആവശ്യപ്പെട്ടുള്ള ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ നൽകിയിട്ടു മൂന്നാഴ്ചയായിട്ടും പണം ലഭിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാനുള്ള കാരണം.

കിലോമീറ്ററിനു 35 രൂപ വരുമാനമുള്ള ഓർഡിനറി സർവീസുകൾ മാത്രം തൽക്കാലം ഓടിച്ചാൽ മതിയെന്നാണു നിർദേശം. ദിവസം 6.5 കോടിയാണ് കെഎസ്ആർടിസിയുടെ ശരാശരി വരുമാനം. അതിൽ മൂന്നരക്കോടിയാണു ഡീസൽ ചെലവ്. കോഴിക്കോട്ട് സ്വകാര്യ പെട്രോൾ ബങ്കിൽനിന്ന് ബസ് ടിക്കറ്റ് കലക്‌ഷൻ തുക ഉപയോഗിച്ച് 6,000 ലീറ്റർ ഡീസൽ വാങ്ങിയാണ് പ്രധാന സർവീസുകൾ നടത്തിയത്.