ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി ബാലകൃഷ്ണൻ

single-img
4 August 2022

പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത് എന്നും, സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ആലപ്പുഴ കലക്റ്റർ ആക്കിയതെന്നും കോടിയേരി പറയുന്നു. ദേശാഭിമാനി പാത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സി പി എം നിലപാട് വ്യക്തമാക്കിയത്.

മാത്രമല്ല ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ലെന്നും, എന്നാൽ, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്കു മുന്നിൽ ഈ സർക്കാർ മുട്ടുമടക്കുകയുമില്ല എന്ന മുന്നറിയിപ്പും ലേഖനത്തിലൂടെ കോടിയേരി നൽകുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും ഈ തീരുമാനത്തിനെതിരെ എതിർപ്പുണ്ടായിരുന്നു. ഇതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തീരുമാനിക്കുന്നത്.

ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി ഇന്നലെ ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.