മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം; എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

single-img
4 August 2022

ശക്തമായ മഴ തുടരുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും.
ഈ മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം.

വരുന്ന ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ഡാമുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.