സഞ്ജയ് റാവത്തിന്റെ ഇഡി കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8 വരെ നീട്ടി

single-img
4 August 2022

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8 വരെ നീട്ടി. അന്വേഷണ കാര്യത്തിൽ ഇഡി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായാണ് കസ്റ്റഡി കാലാവധി നീട്ടുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയത്.

മഹാരാഷ്ട്രയിലെ ഗോരെഗാവിലെ പത്ര ‘ചൗള്‍’ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റാവത്തിന്റെ ഭാര്യയും കൂട്ടാളികളും ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് കേന്ദ്ര ഏജന്‍സി കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രി റാവുത്തിനെ കസ്റ്റഡിയിലെടുത്തത്.

പ്രദേശത്തെ പഴയ ചേരികള്‍ പൊളിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 1034 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അതേസമയം, തന്റെ പേരിലുള്ള കേസ് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം.