‘ഹർ ഘർ തിരം​ഗ’ ക്യാംപയിൻ ബൈക്ക് റാലിയിൽ ഹെൽമെറ്റ് ധരിക്കാതെ ബിജെപി എംപി; പിഴ ചുമത്തി ഡൽഹി പോലീസ്

single-img
4 August 2022

‘ഹർ ഘർ തിരംഗ’ ബൈക്ക് റാലിയിൽ പങ്കെടുക്കവേ ദേശീയ തലസ്ഥാനത്ത് മോട്ടോർ സൈക്കിൾ റാലിക്കിടെ ഹെൽമറ്റ് ധരിക്കാത്തതിന് ബിജെപിയുടെ എംപി മനോജ് തിവാരിക്ക് ഡൽഹി ട്രാഫിക് പോലീസ് ചലാൻ അയച്ചു.

ഇതിനെ തുടർന്ന് എംപി സംഭവത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ധരിക്കാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാ പ്രോട്ടോക്കോളുകൾ അവഗണിക്കരുതെന്നും ബിജെപി നേതാവ് അഭ്യർത്ഥിച്ചു.

അതേസമയം, ഹെൽമറ്റും ലൈസൻസും മലിനീകരണവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇല്ലാതെയാണ് ബിജെപി നേതാവ് മോട്ടോർസൈക്കിൾ ഓടിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പ്രമാണിച്ച് വീട്ടിൽ ‘ത്രിവർണ്ണ പതാക’ ഉയർത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമാണ് ‘ഹർ ഘർ തിരംഗ’ കാമ്പയിൻ. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് ആരംഭിച്ച മോട്ടോർ സൈക്കിൾ റാലിയിൽ കേന്ദ്ര മന്ത്രിമാരും യുവ പാർലമെന്റംഗങ്ങളും ഉൾപ്പെടെ നിരവധി എംപിമാർ ബുധനാഴ്ച പങ്കെടുത്തിരുന്നു.