ട്രോളിംഗ് നിരോധനം അവസാനിച്ചു; പക്ഷേ, കടലിൽ പോകരുത്

single-img
1 August 2022

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്നലെ രാത്രിയോടെ അവസാനിച്ചുവെങ്കിലും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിർദ്ദേശം. അഞ്ചു ദിവസത്തേക്കാണ് നിലവിൽ കടലിൽ പോകുന്നതിന് വിലക്കുള്ളത്.

ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് വ്യാപക മഴ ലഭിക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.