കേരളത്തിൽ മഴ ശക്തമാകുന്നു; അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

single-img
1 August 2022

സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം അഞ്ചുവരെ അതിരപ്പിള്ളി , വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഇതിനു പുറമെ അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ നാളെ അങ്കണവാടികള്‍, പ്രൊഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് -02) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ഇനിയുള്ള അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്.

ഈ ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.