‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ’… ഗാന രചയിതാവിന്റെ ആദ്യ തിരക്കഥ; ടു മെൻ റിലീസിനൊരുങ്ങുന്നു

single-img
1 August 2022

പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ, ആ നാട്ടിൽ പുഴയുണ്ടാർന്നേ… എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ രചയിതാവ് മുഹാദ് വെമ്പായം തിരക്കഥാകൃത്താവുന്നു. മുഹാദ് ആദ്യമായി എഴുതിയ ചിത്രമായ ടു മെൻ ഓഗസ്റ്റ് 5ന് റിലീസിനൊരുങ്ങുകയാണ്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള മുഹാദ് ഒരു നാടകത്തിനു വേണ്ടി എഴുതിയ പാട്ടാണ് യുട്യൂബിൽ ഹിറ്റായത്. നല്ലയോർമ്മകൾ ഇല്ലാതാവുന്ന നാടിനെ ഗൃഹാതുരത്വത്തോടെ അവതരിപ്പിക്കുന്ന ഈ പാട്ട,് നാടൻപാട്ട് എന്ന രീതിയിലാണ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

റേഡിയോ ജോക്കിയായും നാടക പ്രവർത്തകനായും പ്രവർത്തിച്ച മുഹാദിന്റെ ദീർഘനാളത്തെ പ്രവാസ ജീവിതം ടു മെൻ എന്ന ചിത്രം എഴുതാൻ സഹായകരമായി. സാധാരണ കാണുന്ന ഗൾഫ് കഥകളിൽ നിന്നും വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തോടെയുള്ള റോഡ് മൂവിയാണ് മുഹാദ് ഒരുക്കിയിട്ടുള്ളത്.

ഒരു യാത്രയിൽ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെൻ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ പൂർണമായും ദുബായിയിൽ ആണ് ചിത്രീകരിച്ചത്. എംഎ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമി നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ്- വി. സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഡി ഗ്രൂപ്പാണ് വിതരണക്കാർ. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികൾ. പിആർ ആൻഡ് മാർക്കറ്റിംഗ് -കണ്ടന്റ് ഫാക്ടറി, പി. ആർ. ഒ. – എ. എസ്. ദിനേശ്.

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ദ നെയിം എന്ന ചിത്രമാണ് മുഹാദ് എഴുതുന്ന അടുത്ത പ്രൊജക്ട്