അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം

single-img
30 July 2022

കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ സ്റ്റേഡിയത്തില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനം നടന്നതോടെ ക്രിക്കറ്റ് താരങ്ങളും കാണികളും ചിതറിയോടി. നിരവധി കാണികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താരങ്ങള്‍ സുരക്ഷിതരാണ്. അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗ് എന്ന ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് സ്‌ഫോടനം നടന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈ എടുത്ത് നടത്തിയ ടൂര്‍ണമെന്റിലെ പാമിര്‍ സാല്‍മിയും ബന്ദ് ഇ ആമിര്‍ ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ നടത്തിവന്ന ടൂര്‍ണമെന്റ് ഇതോടെ അനിശ്ചിതത്വത്തിലായി. ഐ.എസ്. ഭീകരരാണ് സ്‌ഫോടനത്തിന് പുറകിലെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്തശേഷം ഐ.എസ്. ഭീകരര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു.