ഇവിടെ എല്ലാം ശരിയായി; രാജ്യം വിട്ട ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ മടങ്ങി എത്തണം: താലിബാൻ

single-img
27 July 2022

രാജ്യം വിട്ട എല്ലാ ഹിന്ദുക്കളും സിഖുകാരും തിരിച്ച് അഫ്ഗാനിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം പരിഹരിച്ചെന്നും, അതിനാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം രാജ്യം വിട്ട എല്ലാ ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ മടങ്ങി എന്താണമെന്നുമാണ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് ട്വീറ്റ് ചെയ്തത്. താലിബാൻ സ്റ്റേറ്റ് മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. മുല്ല അബ്ദുൾ വാസി ജൂലൈ 24 ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദു,സിഖ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്വീറ്റ്.

കൂടാതെ കാബുളിലെ ഗുരുദ്വാര ഐസിസ് ആക്രമിച്ചപ്പോൾ ശക്തമായ നടപടി സ്വീകരിച്ച താലിബാന്‍ ഭരണകൂടത്തെ സിഖ് സംഘടനാ പ്രതിനിധികള്‍ അഭിനന്ദിച്ചതായി താലിബാൻ വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു. കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരക്കെതിരെ ജൂൺ 18നായിരുന്നു ആക്രമണം. ഇതിൽ ഒരു സിഖുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിൽ തകർന്ന കാബൂളിലെ ഗുരുദ്വാര നവീകരിക്കാൻ താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ സർക്കാർ തീരുമാനിച്ചു.

അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന വികസന മേഖലയില്‍ നിരവധി ഇന്ത്യക്കാർ പ്രവർത്തിച്ചിരുന്നു. താലിബാൻ ആക്രമണം രൂക്ഷമായപ്പോൾ ഇവര്‍ നാട്ടിലേക്ക് മടങ്ങി. കാബൂളിലെ ഇന്ത്യന്‍ എംബസിയും കാണ്ഡഹാറിലെ കോണ്‍സുലേറ്റും ഇന്ത്യ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് എപ്പോള്‍ തുറക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.