വിമർശനങ്ങൾക്ക് മറുപടിയുമായി നഞ്ചിയമ്മ; എല്ലാ സംഗീതവും ശുദ്ധമാണ്

single-img
27 July 2022

സംഗീതജ്ഞന്‍ ലിനു ലാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ. ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്ശിക്കുന്നതെന്നു നഞ്ചിയമ്മ. പുരസ്‌കാരത്തെ സംബന്ധിച്ച വിമർശനങ്ങളെ ഒന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നത്. ഞങ്ങൾ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമർശിക്കില്ല. വിമർശനത്തിന് പിന്നിൽ അസൂയയുമുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു. ‘ചെറുപ്പം മുതൽ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല.തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ കഴിച്ചാണ് പാട്ടുപാടുന്നത്.പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു.എല്ലാ സംഗീതവും ശുദ്ധമാണ്. നമ്മുടെ പാട്ടിന് ലിപിയില്ല.ബുദ്ധിയുള്ളവർക്ക് മനസിലാകും. പക്ഷേ അതിൻറെ അർത്ഥതലങ്ങൾ വലുതാണ്. മനുഷ്യൻറെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്. നഞ്ചിയമ്മ പറഞ്ഞു.

നേരത്തെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്ത് വന്നിരുന്നു. ആ ചിത്രത്തിലെ ഗാനം ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും, സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.