നായയുടെ വായ്ക്കുള്ളില്‍ കഴുത്തില്‍ കിടന്ന ചങ്ങല കുടുങ്ങി; അഗ്‌നിശമന സേന രക്ഷകരായി

single-img
26 July 2022

മാന്നാര്‍: വളര്‍ത്തു നായയുടെ വായ്ക്കുള്ളില്‍ കഴുത്തില്‍ കിടന്ന ചങ്ങല കുടുങ്ങി. ചങ്ങല അറുത്തുമാറ്റി നായക്ക് അഗ്‌നിശമന സേന രക്ഷകരായി.

മാന്നാര്‍ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ വലിയകുളങ്ങര കണ്ണങ്കുഴിഭാഗം ഹരിയുടെ വളര്‍ത്തു നായയുടെ വായിക്കുള്ളില്‍ ആണ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കഴുത്തിലിട്ടിരുന്ന ചങ്ങല കുടുങ്ങിയത്. അതോടെ ഭക്ഷണം കഴിക്കാനും മറ്റും കഴിയാതെ നായ അവശനിലയിലാവുകയായിരുന്നു.

മാവേലിക്കര യൂണിറ്റില്‍ വിവരം അറിയിച്ചതനുസരിച്ച അഗ്‌നിരക്ഷാ സേന എത്തി ചങ്ങല മുറിച്ച്‌ മാറ്റിയാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. അഗ്‌നിശമന സേനാംഗങ്ങളോടൊപ്പം ചെങ്ങന്നൂര്‍ ഫയര്‍ യൂണിറ്റിലെ സിവില്‍ ഡിഫന്‍സ് അംഗം ജോമോനും നായയുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.