ഓലെയ്ക്കും ഊബറിനും ബദലായി കേരളത്തിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ; ‘കേരള സവാരി’ ചിങ്ങം ഒന്നു മുതൽ

single-img
26 July 2022

ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഈ രംഗത്തെ അന്താരാഷ്‌ട്ര ഭീമന്മാരായ ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്.

പദ്ധതിക്കായി 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ( തർക്കങ്ങൾ ഇല്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ആദ്യ ഘട്ടത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്താണ് നടപ്പാക്കുക. സംസ്ഥാനത്തിൽ ഇതാദ്യമായാണ് സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനം യാഥാർത്ഥ്യമാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഇത്തരത്തിൽ ഒരു പദ്ധതിയെ സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്. ഇതിനെ തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.