കേരളത്തിന്റെ വ്യവസായ മേഖല പുരോഗമിക്കുന്നു; 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി

single-img
26 July 2022

കേരളത്തിലെ വ്യവസായ മേഖല പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്ഥാനത്തെ വ്യവസായ പുരോഗതി സംബന്ധിച്ച് ചിലർ ആശങ്ക പങ്കുവെക്കുന്നത് കണ്ടു. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞു.

എം.എസ്.എം.ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെയുള്ള വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുകയാണ് സംസ്ഥാനം. സംരംഭക പരാതിയിൽ ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴയീടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2021- 22 കാലഘട്ടത്തിൽ 1522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലെത്തി. സർക്കാർ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്യും. ലോകരാജ്യങ്ങളെ ആകർഷിക്കുന്ന സ്റ്റാർട്ട് ഹബായി കേരളം മാറണമെന്നാണ് ആഗ്രഹം.

പ്രതീക്ഷിച്ച രീതിയിൽ തന്നെ സംസ്ഥാനം മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനായി ഇനിയും കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം. നശീകണ മനോഭാവം കാണിക്കുന്ന പ്രവണതയുണ്ട്. ഇത് പൊതു മുന്നേറ്റത്തിന് സഹായകരമായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.