ചിന്തന്‍ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ട്; കാരണം സോണിയ ഗാന്ധിയെ അറിയിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
25 July 2022

താന്‍ കളിച്ചു നടക്കുകയും സ്വന്തം വീടുപോലെ കരുതുന്നതുമായ കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാൻ സാധിക്കാതിരുന്നതിന്റെ കാരണം സോണിയാഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ധാരാളം ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. 2024-ലേക്കുള്ള കോണ്‍ഗ്രസിന്റെ യാത്രയ്ക്കായി റൂട്ട് മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്. വസ്തുതകള്‍ സോണിയാഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിലേക്ക് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. പാർട്ടിയിലെ ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.