വിമാനത്തിലെ അതിക്രമം: ഇ പി ജയരാജൻ പ്രതിയായ കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

single-img
23 July 2022

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച വിഷയത്തിൽ ഇ പി ജയരാജനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നവീന്‍കുമാര്‍, മജീദ് ഫര്‍സാന്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക. ഇതിനു ശേഷമായിരിക്കും ഇ.പി ജയരാജന്റെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുക.

ഇ പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തർ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതിയുടെ നിര്‍ദേശ പ്രകാരം ആണ് കേസെടുത്തത്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് വലിയതുറ പൊലീസാണ് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി നിർദ്ദേശം അനുസരിച്ചുള്ള കേസ് ആയതിനാൽ വിശദമായി മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

നേരത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജയരാജനും കൂട്ടര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.